ന്യൂഡൽഹി: പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിനെ കുറിച്ച് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രർക്കും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പരമാവധി സഹായങ്ങൾ ലഭ്യമാക്കാനാണ് പ്രധാനമന്ത്രി തുടർച്ചയായി പരിശ്രമിക്കുന്നത്. ഇന്ത്യ ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ഇന്ത്യ ഉയർച്ച കൈവരിക്കുന്നു. രാജ്യം വികസിതമാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകാൻ പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഹരിയാനയിലും വലിയ വികസനമാണ് ഉണ്ടായതെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടന്നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തെ ഏഴാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. തൊഴിലവസരങ്ങൾ, കാർഷിക മേഖല, സ്റ്റാർട്ടപ്പുകൾ, സാമ്പത്തിക വളർച്ച എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്.