കോഴിക്കോട്: വീണ്ടും ആശങ്ക പരത്തി ജില്ലയിൽ ഉരുൾപൊട്ടൽ. മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ. മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ചെത്തുകയാണ്. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ വിലങ്ങാട് നാലിടത്ത് ഉരുൾപൊട്ടിയിരുന്നു. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഉൾപ്പടെയുള്ള ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മലവെള്ളപാച്ചിലിൽ വിലങ്ങാട് ടൗണിൽ വെള്ളം കയറി.
കോഴിക്കോട് താലൂക്കിൽ മാവൂർ, കുമാരനല്ലൂർ വില്ലേജുകളിൽ മൂന്ന് വീതവും കുരുവട്ടുര് വില്ലേജിൽ ഒരു ക്യാമ്പും ആരംഭിച്ചിട്ടുണ്ട് . പുഴകളിൽ വെള്ളം ഉയരുന്നതിനാൽ കൂടുതൽ വില്ലേജുകളിൽ ക്യാംപ് ആരംഭിച്ചേക്കുമെന്നാണ് വിവരം.
വടക്കൻ കേരളത്തിൽ ഭീതി പരത്ത് മഴ കനക്കുന്നു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്ന് റെഡ‍് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.















