വാഷിംഗ്ടൺ: പാരിസിൽ നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റും, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെയാണ് ട്രംപിന്റെ വിമർശനം. താൻ വളരെ തുറന്ന ചിന്താഗതിയുള്ള ആളാണെങ്കിലും, ഇൗ സംഭവം വലിയ നാണക്കേടായി തോന്നിയെന്നുമാണ് ട്രംപ് പറഞ്ഞത്.
ഉദ്ഘാടന ചടങ്ങ് വലിയ അപമാനമായി തോന്നിയെന്നും ട്രംപ് പറഞ്ഞു. ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങ്ങിനെ പ്രതിനിധീകരിച്ച് നടത്തിയ സ്‌കിറ്റ് ആണ് വലിയ വിവാദമായത്. യേശു ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും ഉള്ള ചിത്രത്തിന് സമാനമായി അർദ്ധ നഗ്നയായ യുവതി, ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ, ഡിജെ എന്നിവ ഉൾപ്പെടുത്തിയാണ് സ്‌കിറ്റ് ചിത്രീകരിച്ചത്. ഇതിനെതിരെ കത്തോലിക്കാ സഭയിലുള്ള ബിഷപ്പുമാരിൽ നിന്നുൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു.
ക്രിസ്ത്യൻ സംഘടനകളിൽ നിന്നും ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ ഇത് അന്ത്യ അത്താഴത്തെ ചിത്രീകരിക്കുന്നതല്ലെന്ന വിശദീകരണവുമായി പരിപാടിയുടെ സംഘാടകരും രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും പരിപാടിയെ വിമർശിച്ച് രംഗത്തെത്തി. പൈശാചികമായ ചിത്രീകരണമെന്നാണ് ട്രംപ് ജൂനിയർ ഇതിനെ വിശേഷിപ്പിച്ചത്. വളരെ അഭിമാനം തോന്നിയിരുന്ന ചടങ്ങ് ഇപ്പോൾ വളരെ നാണക്കേട് ഉണ്ടാക്കുന്ന പരിപാടിയായി മാറിയെന്നത് അംഗീകരിക്കാനാകുന്നില്ല. ലജ്ജാകരമായ സംഭവമാണിത്. ഏതെങ്കിലും പ്രത്യേക ആശയത്തെ മുന്നോട്ട് വയ്‌ക്കുന്നതിന് വേണ്ട് ഇത്തരം വേദികളെ ഉപയോഗിക്കുന്നത് സങ്കടകരമായ കാര്യമാണെന്നും” ട്രംപ് ജൂനിയർ പറയുന്നു.