വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ളവർക്കായി ആഹാരമെത്തിച്ച് നൽകാൻ ഷെഫ് സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണമൊരുക്കുന്നത്. രക്ഷാപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, ദുരന്തമനുഭവിക്കുന്നവർ തുടങ്ങി ആയിരത്തോളം പേർക്ക് ഭക്ഷണം എത്തിച്ച് നൽകുമെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ബന്ധപ്പെടേണ്ട നമ്പർ: നോബി- 97442 46674 അനീഷ്- 94477 56679
വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 41 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചൂരൽമല മേഖലയിലാണ് മരണമേറെയും സംഭവിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് ദൗത്യസംഘം അറിയിച്ചു. നിരവധി വാഹനങ്ങളും വീടുകളും ഒലിച്ചുപോയി. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ഏക പാലം ഒലിച്ചുപോയതോടെ ഇരു പ്രദേശവും ഒറ്റപ്പെട്ടു. ഏകദേശം 400-ഓളം കുടുംബങ്ങളെയാണ് ദുരിതം ബാധിച്ചത്.
രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.
കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ഇതിനിടയിൽ കുടുങ്ങി കിടക്കുന്നവരെ എയർലിഫ്റ്റ് ചെയ്യാനെത്തിയ ഹെലികോപ്റ്ററുകൾ കാലാവസ്ഥ മോശമായതിനാൽ തിരികെ പോയി. ഹെലികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി.