കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി. മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് ദൗത്യസംഘം വ്യക്തമാക്കി. ഇതിനിടെ തകർന്ന വീട്ടിൽ നിന്നൊരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മലവെള്ളത്തിലൂടെ ഒലിച്ചെത്തിയവർ സഹായം അഭ്യർത്ഥിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഉൾപ്പടെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
കനത്ത മഴയിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് മണിക്കൂറുകളുടെ ഇടവേളയിൽ ഉരുൾപൊട്ടിയത്. നേരം വെളുത്തപ്പോൾ മാത്രമാണ് പ്രദേശമാകെ ഉരുളെടുത്തുവെന്ന് പുറംലോകമറിഞ്ഞത്. ചൂരൽമല സ്കൂളിനോട് ചേർന്ന് ഒഴുകിയിരുന്ന പുഴ മലവെള്ളപ്പാച്ചിലിൽ ഗതിമാറി ഒഴുകി. സ്കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലാണ്. എത്ര പേർ മരിച്ചിട്ടുണ്ടെന്നോ എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതും കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.
കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.















