ലക്നൗ ; ‘ലൗ ജിഹാദിന്’ എതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ യുപി സർക്കാർ. ‘ലൗ ജിഹാദ്’ കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും വിധത്തിലുള്ള ബില്ലാണ് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത് . ബിൽ ഇന്ന് സർക്കാർ പാസാക്കും.
ഉത്തർപ്രദേശിൽ നിലവിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, 2021 പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 1 മുതൽ 10 വർഷം വരെയുള്ള തടവ് ശിക്ഷയാണ്. ഈ നിയമം വിവാഹത്തിന് വേണ്ടി മാത്രം നടത്തുന്ന മതപരിവർത്തനങ്ങളെ അസാധുവാക്കുന്നു. വഞ്ചനയിലൂടെയോ വ്യാജമായോ ഉള്ള മതപരിവർത്തനം ക്രിമിനൽ പ്രവൃത്തികളായും കണക്കാക്കുന്നു. എന്നാൽ ‘ലൗ ജിഹാദ്’ കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷ നിർദേശിച്ച് വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ ബിൽ ഉദ്ദേശിക്കുന്നത്.
ഈ നിയമം അനുസരിച്ച്, നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവരോ സ്ത്രീകളോ എസ്‌സി-എസ്‌ടി വിഭാഗത്തിൽപ്പെട്ടവരോ ആണ് ഇത്തരം മതപരിവർത്തനങ്ങളിൽ ഉൾപ്പെട്ടതെങ്കിൽ, ശിക്ഷ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ആയി വർദ്ധിപ്പിക്കും. മതപരിവർത്തനം ആഗ്രഹിക്കുന്ന വ്യക്തികൾ നിശ്ചിത ഫോറം ഉപയോഗിച്ച് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 6 മാസം മുതൽ 3 വർഷം വരെ തടവും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കും.