തെലുങ്കില്‍ വലിയ പ്രേക്ഷകരുള്ള യുവ താരമാണ് രാം ചരണ്‍. താരം നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാം ചരണ്‍ നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്.
ഇപ്പോഴിതാ പാരീസിൽ കുടുംബത്തോടൊപ്പം ഒളിമ്പിക്‌സ് കാണാൻ എത്തിയ രാം ചരണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത് . അച്ഛൻ ചിരഞ്ജീവി, അമ്മ സുരേഖ , ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരൺ പാരീസിലെത്തിയത് . കഴിഞ്ഞ ദിവസം ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ രണ്ട് പങ്കുവെച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു . ആദ്യ ഫോട്ടോയിൽ, അദ്ദേഹവും രാം ചരണും ത്രിവർണ്ണ പതാക കൈയ്യിലേന്തി നിൽക്കുന്നതാണ് ആദ്യ ചിത്രം. ഉപാസനയ്‌ക്കും , സുരേഖയ്‌ക്കുമൊപ്പമുള്ളതാണ് രണ്ടാമത്തെ ചിത്രം . “ഒളിമ്പിക്‌സിൽ കുടുംബത്തോടൊപ്പം. ഇന്ത്യ മുന്നോട്ട് പോകൂ. ജയ് ഹിന്ദ്.”- എന്ന കുറിപ്പിനൊപ്പമാണ് ചിരഞ്ജീവി ചിത്രം പങ്ക് വച്ചത്.
ഇതിനുമുമ്പ്, ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവിനൊപ്പം താനും ഉപാസനയും നിൽക്കുന്ന ഒരു ചിത്രവും രാം ചരൺ പങ്കുവെച്ചിരുന്നു. പിവി സിന്ധുവിനെ റോക്ക്സ്റ്റാർ എന്നാണ് രാംചരൺ വിശേഷിപ്പിച്ചത്.















