വയനാട്: മേപ്പാടി മുണ്ടകൈയിൽ താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. മുണ്ടകൈ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മറുകരയിൽ എത്താൻ ദുഷ്കരമായിരുന്നു. പാലം പൂർത്തിയാകുന്നതോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ സ്ഥലങ്ങളിലേക്ക് എൻഡിആർഫിന്റെ സംഘം എത്തിച്ചേർന്നിട്ടുണ്ട്. അൽപ്പസമയത്തിനകം തന്നെ സേനയുടെ ഹെലികോപ്‍ടർ സംഭവ സ്ഥലത്ത് എത്തും. ഇതിന് ശേഷം മുണ്ടകൈയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും. മുണ്ടകൈയിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്.
എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകളും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ : 9497900402, 0471 2721566.















