വയനാട്: ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്‌ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്‌ക്കളാണ് മായയും മർഫിയും. നായ്‌ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇവർ ദുരന്തഭൂമിയിലെത്തും.
നാലു വർഷം മുമ്പുണ്ടായ പെട്ടിമുടി ദുരന്തത്തിലെ 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ ആയിരുന്നു. ഓരോ നിമിഷവും മരണ സംഖ്യ ഉയരുന്ന സാഹചര്യമാണ് വയനാട്ടിലുള്ളത്. മണ്ണിനടിയിലും നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. ചാലിയാർ പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തെ വീടുകളെല്ലാം ഒലിച്ചു പോയിരിക്കുകയാണ്. ഇവിടെയും നൂറു കണക്കിന് പേർ കുടുങ്ങി കിടക്കാനുള്ള സാധ്യതയുണ്ട്.
മുണ്ടക്കൈയിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്. അതിനാൽ, മേപ്പാടിയിൽ താത്കാലിക പാലം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മുണ്ടക്കൈ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മറുകരയിൽ എത്താൻ ദുഷ്കരമായിരുന്നു. പാലം പൂർത്തിയാകുന്നതോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ സ്ഥലങ്ങളിലേക്ക് എൻഡിആർഫിന്റെ സംഘം എത്തിച്ചേർന്നിട്ടുണ്ട്. അൽപ്പസമയത്തിനകം തന്നെ സേനയുടെ ഹെലികോപ്‍ടർ സംഭവ സ്ഥലത്ത് എത്തും. ഇതിന് ശേഷം മുണ്ടക്കൈ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും.















