മലയാളികളെ ഇന്നും ആവേശം കൊള്ളിക്കുന്ന ചിത്രമാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മൂന്നാംമുറ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അലി ഇമ്രാൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. മൂന്നാംമുറയുടെ ഒരു രണ്ടാം ഭാഗം വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഇക്കാര്യം എസ് എൻ സ്വാമിയുടെ മകനുമായി ചർച്ച ചെയ്തിരുന്നുവെന്നും താരം പറയുന്നു.
“എസ് എൻ സ്വാമി നായകന്മാർക്ക് നൽകുന്ന പേര് എന്തൊരു സ്റ്റൈലിഷാണ്. സേതുരാമയ്യർ, വിൻസന്റ് ഗോമസ്, സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ. എങ്ങനെയാണ് ഈ പേരുകൾ വരുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു. എന്തൊരു വെയിറ്റാണ് പേരുകൾക്ക്. അലി ഇമ്രാൻ, മൂന്നാംമുറയാണ് സിനിമ. സിനിമയിൽ നാല്പതാമത്തെ മിനിറ്റിലാണ് ലാലേട്ടന്റെ ഇൻട്രോ. മാൻ ഓൺ എ മിഷൻ ആണ്”.
“റാംബോ പോലെ. എസ്.എൻ സ്വാമി സാറിന്റെ മകൻ കൃഷ്ണനുമായി ഞാൻ സംസാരിച്ചിരുന്നു. അതിന്റെ ഒരു സ്വീകൽ വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് കൃഷ്ണൻ തന്നെ ചെയ്യട്ടെ. കൃഷ്ണന് അങ്ങനെ ഒരു ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉള്ളൂ. കഥ ഒന്നുമില്ല. ഞാൻ ഇടയ്‌ക്കിടയ്‌ക്ക് അവനോട് പറയാറുണ്ട്. പുതിയ ജനറേഷനിൽ ഉള്ള ഒരാൾ അത് ചെയ്യുമ്പോൾ അലി ഇമ്രാനെ തിരിച്ചുകൊണ്ടുവരാൻ പറ്റിയാൽ ഗംഭീരമാണ്. ആ ഫോർമുല തന്നെ വർക്ക് ചെയ്താൽ മതി. മാൻ ഓൺ എ മിഷൻ. മൂന്നാം മുറയൊക്കെ രോമാഞ്ചമാണ്”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.















