വയനാട്: വയനാട് മേപ്പാടി പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട ആളുകളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. മുണ്ടക്കൈയിലെ ദുരിത ബാധിതരായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടർ ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്‌ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും 8848446621 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കളക്ടർ വ്യക്തമാക്കി.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പിആർഡി മീഡിയ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നതായി കളക്ടർ അറിയിച്ചു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാദ്ധ്യമങ്ങളിലൂടെ പൊതു ജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.
വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പിആർഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.ആർ.ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവ്വഹിക്കുമെന്നും അറിയിപ്പുണ്ട്.