വയനാട്: ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത്രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ച് വീണ്ടും ശക്തമായ മഴ. പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായതായും സംശയം ഉയരുന്നുണ്ട്. മഴവെള്ളപാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്നാണ് മന്ത്രിമാർ അടക്കം അറിയിച്ചത്.
ചൂരൽമലയിലാണ് അതിശക്തമായി മഴ പെയ്യുന്നത്. നൂറുകണക്കിന് ആളുകളാണ് രക്ഷാപ്രവർത്തിന് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇതിനിടയിലാണ് വീണ്ടും മഴ കനക്കുന്നത്. ചൂരൽമലയിലെ പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. വലിയ കല്ലുകളും മരങ്ങളും അടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.
അതേസമയം, ഉരുൾപൊട്ടലിൽ ഇതുവരെ 84 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 119 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും എത്തിയിട്ടുണ്ട്. സൈന്യത്തോടൊപ്പം ഡോഗ് സ്‌ക്വഡും എത്തിയിരിക്കുകയാണ്.