വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാലത്തിന്റെ നിർമിക്കും. മദ്രാസ് മിലിട്ടറി എഞ്ചിനിയറിംഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിക്കുക. പാലം പൂർത്തിയാകുന്നതോടെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ കൂടി രക്ഷാപ്രവർത്തം സാധ്യമാകും. മുണ്ടകൈ ടൗൺ പൂര്‍ണമായും ഒലിച്ചുപോയി അവസ്ഥയിലാണ്.
പാലം നിർമിക്കാനാവശ്യമായ സാധന സാമഗ്രികൾ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും ആകാശ മാർഗം കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി ഡിഫഎൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു. കണ്ണൂർ ഏഴിമലയിൽ നിന്നുള്ള നേവൽ സംഘവും പ്രദേശത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആർമി ഡോഗ് സ്ക്വാഡും ഡൽഹിയിൽ നിന്ന് വിമാനത്തിൽ യാത്ര ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് കരസേനയുടെ സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവിൽ കണ്ണൂർ ഡിഎസ്ഡിയിൽ നിന്ന് എത്തിയ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും പ്രദേശത്ത് രക്ഷാപ്രവർത്തം തുടങ്ങി. ഒപ്പം ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസാധനങ്ങളുമായി കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്ടർ ഉടൻ പ്രദേശത്ത് എത്തുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണം 90 കടന്നു. മരിച്ചവരിൽ 7 പേർ കുട്ടികളാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.