ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി തലമുറ അഭിമാനത്തോടെ വികസിത ഭാരതത്തിൽ ജീവിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) സംഘടിപ്പിച്ച ബജറ്റിനുശേഷമുള്ള യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്വാതന്ത്ര്യം നേടുമ്പോൾ നമ്മൾ ഒരു ദരിദ്ര രാഷ്‌ട്രമായിരുന്നു. രാജ്യത്തെ ചൂഷണം ചെയ്യാനെത്തിയവർ അവസാനംവരെ അത് ചെയ്തു. നൂറ് വർഷത്തിനുള്ളിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച് നാം നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കും. 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കും,” പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ നയങ്ങൾ, പ്രതിബദ്ധത, ദൃഢനിശ്ചയം, തീരുമാനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ആഗോള പുരോഗതിയുടെ അടിത്തറയായി മാറുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നിക്ഷേപകർ ഇന്ത്യയിലേക്ക് വരാൻ തല്പരരാണ്. ഇത് നമ്മുടെ വ്യവസായങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകും. മുഖ്യമന്ത്രിമാരുമായുള്ള നീതി ആയോഗ് യോഗത്തിൽ നിക്ഷേപക സൗഹൃദ ചാർട്ടർ തയ്യാറാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഷ്‌ട്രീയക്കാർ വാഗ്ദാനങ്ങൾ മറക്കാറുണ്ട്. എന്നാൽ തന്റെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന വാഗ്ദാനം പാലിക്കപ്പെടുമെന്ന് മോദി ഉറപ്പ് നൽകി. രാജ്യം എട്ട് ശതമാനം വളർച്ച നിരക്കിലാണ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നത്. വികസിത ഭാരതിലേക്കുള്ള രാജ്യത്തിന്റെ യാത്രയെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.















