വയനാട്: കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് ഇന്ന് പുലർച്ചെയോടെ വയനാട് സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈയിൽ നിന്നുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങൾ താറുമാറായി. കഴിഞ്ഞ രാത്രിയിലെ ഭീതിയേറിയ നിമിഷങ്ങൾ ഓർക്കുകയാണ് മുണ്ടക്കൈ സ്വദേശിയായ ഒരു വയോധികൻ.
വലിയ ഇരമ്പലോടെ പുഴയിൽ നിന്നും വെള്ളം വരുന്ന ശബ്ദമായിരുന്നു ആദ്യം കേട്ടത്. വെള്ളം വീട്ടിലേക്ക് എത്തുമെന്ന് തോന്നിയതോടെ കുടുംബത്തിലുള്ളവരെ വിളിച്ചുകൊണ്ട് തൊട്ടടുത്തുള്ള കുന്നിന്റെ മുകളിലേക്ക് ഓടി കയറി. ഇരുട്ടായതുകൊണ്ട് ആർക്കും വ്യക്തമായി ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. മുകളിൽ എത്തിയതിന് പിന്നാലെയാണ് രണ്ടാമത് ഒരിക്കൽ കൂടി ഉരുൾപൊട്ടിയതെന്നാണ് വയോധികൻ പറയുന്നത്.
ഈ സമയത്ത് ഞങ്ങളോടൊപ്പം 70 ഓളം ആൾക്കാരുണ്ടായിരുന്നു. രണ്ടാമത് ഉരുൾപൊട്ടിയ സമയത്ത് ഞങ്ങളെല്ലാവരും കൂടി ഒരു കാപ്പിതോട്ടത്തിലേക്ക മാറി. അവിടെ നിന്നും താഴേക്ക് ഇറങ്ങിയാണ് രക്ഷപ്പെട്ടത്. ആദ്യം ഒരു മണിയോടെയാണ് ഉരുൾപോട്ടിയത്, പിന്നീട് രണ്ടരയോടെയും ഉരുൾ പൊട്ടിയിരുന്നെന്നാണ് വയോധികന്റെ വാക്കുകൾ.
കൂടെപ്പിറപ്പുകളും അയൽക്കാരും എവിടെയാണെന്ന് പോലും അറിയാതെ ദുഃഖിതരായി ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്ന നിരവധി പേരാണുള്ളത്. ഉറ്റവരെ കാണാതായതിന്റെയും ഒന്നു രക്ഷിക്കാൻ കഴിയാത്തതിന്റെയും വിതുമ്പലിലാണ് ആശുപത്രികളിലുള്ളവർ.