നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല, ഭക്ഷണം കഴിക്കുന്ന നേരത്തെയും ആശ്രയിച്ചിരിക്കും. കൃത്യമായ സമയത്തല്ലാ ഭക്ഷണം കഴിക്കുന്നതെങ്കിൽ എത്ര കഴിച്ചാലും, എന്തു കഴിച്ചാലും അത് ആരോഗ്യത്തിന് ഗുണം ചെയ്യുകയില്ല. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ഒട്ടും നല്ലതല്ല എന്ന് നമുക്ക് അറിയാം. ഉച്ചയ്‌ക്ക് കഴിച്ചില്ലെങ്കിലും വേണ്ടില്ല, രാവിലെ നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുതിർന്നവരും പറയാറുണ്ട്.
മൂന്നു നേരമാണ് പൊതുവേ ആളുകൾ ഭക്ഷണം കഴിക്കുന്നത്. ഇതിൽ രാവിലെ കഴിക്കാതെ പോകുന്നത് ആരോഗ്യത്തെ ബാധിക്കും. രാവിലെ കഴിക്കാത്തതാണ് പ്രശ്നമെങ്കിൽ, രാത്രിയിൽ കഴിക്കുന്നതിന്റെ സമയമാണ് ആരോഗ്യത്തെ ഏറെ ബാധിക്കുന്നത്. പലരും ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തരത്തിലാണ് ഭക്ഷണം കഴിച്ച് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത്. ഉറങ്ങുന്നതിന് എത്ര നേരം മുൻപ് അത്താഴം കഴിക്കണം എന്നുള്ളത് പലർക്കും അറിയില്ല.
അത്താഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?
ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ സമയം ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആസിഡ് റിഫ്ലക്സ് പോലുള്ള അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യുന്നു. മാത്രമല്ല, കൊഴുപ്പ് സംഭരിക്കാൻ കാരണമാകാതെ പോഷകങ്ങളുടെ ഫലപ്രദമായ ഉപയോഗം ശരീരത്തിന് സാധ്യമാക്കും.
അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം സാധാരണയായി വൈകുന്നേരം 5 നും 7 നും ഇടയിലാണ്. കാരണം ഇത് ശരീരത്തിന്റെ സർക്കാഡിയൻ താളവുമായി പൊരുത്തപ്പെടുന്നു. ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
മേൽപ്പറഞ്ഞ സമയത്ത് കഴിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് അത്താഴം കഴിച്ചിരിക്കണം. രാത്രി 9 മണിയാണ് അത്താഴം കഴിക്കാൻ അനുയോജ്യമായ ഏറ്റവും അവസാന സമയം. അതിനുശേഷം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് രോഗം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.