മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത പഞ്ചായത്ത് ജെട്ടി എന്ന സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രചന നാരായണൻ കുട്ടി. ചിത്രത്തിൽ നടി അവതരിപ്പിച്ച ‘അല’ എന്ന കഥാപാത്രം രചനയെ പോലെയാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടെന്നും താരം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയണ് താരം നന്ദി അറിയിച്ചത്.
‘പഞ്ചായത്ത് ജെട്ടി എന്ന ഞങ്ങളുടെ സിനിമയിലെ “അല“ എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ സ്വീകരിച്ചതിനും സ്നേഹിച്ചതിനും നന്ദി. പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ജീവിതത്തെ വളരെ ഉത്സാഹത്തോടെയും സ്നേഹത്തോടെയും കാണാൻ പഠിപ്പിക്കുന്ന, എപ്പോഴും കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ് അല പ്രതിനിധീകരിക്കുന്നത്.
എന്നെ അടുത്തറിയുന്ന പലരും എന്നെ വിളിച്ച് “അല”എന്നെ പോലെയാണെന്ന് പറഞ്ഞു. “പേരുപോലെ തന്നെ… അല. .. അവൾ ഒരു ഒഴുക്കാണ്… മനസ്സ് നിറയെ എപ്പോഴും ഒരു പുഞ്ചിരിയുമായി അല ഒഴുകുകയാണ്” – സ്നേഹം വിളിച്ചറിയിച്ച ഒരാളുടെ വാക്കുകൾ ആണ് ഇത്.
നന്ദി! നിങ്ങളുടെ ഈ സ്നേഹത്തിന് നന്ദി! തിരിച്ചും നിറവാർന്ന സ്നേഹം’- രചന കുറിച്ചു.
സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഗോവിന്ദ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. സ്നേഹ ശ്രീകുമാർ, നിയാസ് ബക്കർ, വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണി ചെറുവത്തൂർ, രാഘവൻ, വീണ നായർ, മനോഹരിയമ്മ, സുധീർ പരവൂർ, അരുൺ പുനലൂർ, ഉണ്ണി നായർ, രശ്മി അനിൽ, ജെയിംസ് ഏല്യ, സേതുലക്ഷ്മിയമ്മ, പൗളി വിൽസൻ, സലിം കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം 26-നാണ് തിയേറ്ററിൽ എത്തിയത്.















