വയനാട്: ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. ഉറ്റവരെയും ഉടയവരെയും കാണാതായതിന്റെയും കിടപ്പാടം നഷ്ടപ്പെട്ടതിന്റെയും ദുഃഖത്തിലാണ് പലരും. വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാട് തകർന്നതിന്റെ വേദനയും ജനം ടിവിയോട് പങ്കുവക്കുകയാണ് ദൃക്സാക്ഷി.
‘രാത്രി രണ്ടു മണിയായപ്പോൾ വലിയൊരു ശബ്ദം കേട്ടു. എന്താണ് ശബ്ദം എന്നറിയാൻ വീട്ടിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് അവിടേക്ക് പോയി. അവിടെ വെള്ളം കയറിയെന്നും പല വീടുകളും അപകട അവസ്ഥയിലാണെന്നും മനസ്സിലായി. ഞങ്ങൾ വീട്ടിലേക്ക് വന്നതിന് ശേഷമാണ് അടുത്ത വീട്ടിൽ നിന്നും കുട്ടികളും വീട്ടുകാരും ഉൾപ്പെടെ കരഞ്ഞോണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.
എല്ലാവരെയും വീട്ടിൽ കയറ്റിയതിന് ശേഷം ഞങ്ങളെല്ലാവരും അവിടെ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. ആറുമണിയോടെയാണ് രക്ഷാ പ്രവർത്തകർ എത്തിയത്. റേഷൻ കാർഡും കുറച്ച് തുണികളും എടുത്ത് കാട്ടിൽകൂടിയാണ് ഞങ്ങളെല്ലാവരും രക്ഷപ്പെട്ടത്. ചെറിയ മക്കളും ഗർഭിണികളുമൊക്കെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കാട്ടിലൂടെ നടന്ന്, ഒരു ജീപ്പിലാണ് ഈ ക്യാമ്പിൽ എത്തിയത്.
ഞങ്ങളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ് വേദന. ഞങ്ങളുടെ വീട്ടിന് ഒന്നും സംഭവിച്ചിട്ടില്ല. അവിടെ നിൽക്കാൻ സേഫ് അല്ലാത്തൊരു അവസ്ഥയാണ്. മുണ്ടക്കൈയിലേക്കുള്ള പാലം പോയി, ഒരു ഷോട്ട് പാലം ഉണ്ടായിരുന്നു അതും പോയി. ഞങ്ങൾ അവിടെ സേഫ് അല്ല.’- ദൃക്സാക്ഷി പറഞ്ഞു.