സിയോൾ: അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കിം ജോംഗ് ഉന്നിന്റെ ശരീരഭാരം വീണ്ടും വർദ്ധിച്ചതായി റിപ്പോർട്ടുകൾ. നിലവിൽ രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾ ഉത്തരകൊറിയൻ സ്വേഛാധിപതിയെ അലട്ടുന്നുണ്ട്. കിമ്മിന്റെ പൊണ്ണത്തടി ചികിത്സിക്കാൻ വിദേശ രാജ്യങ്ങളിൽനിന്നുള്ള പുതിയ മരുന്നുകൾ തേടുകയാണെന്നാണ് ദക്ഷിണ കൊറിയയുടെ ചാര ഏജൻസി പുറത്തുവിടുന്ന വിവരം.
അമിതമായ മദ്യപാനത്തിനും പുകവലിക്കും പേരുകേട്ട 40 കാരനായ കിം പാരമ്പര്യമായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. കിം അധികാരമേറ്റെടുക്കും മുൻപ് ഉത്തരകൊറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണമടഞ്ഞത്.
ഏകദേശം 170 സെൻ്റീമീറ്റർ (5 അടി, 7 ഇഞ്ച്) ഉയരവും മുമ്പ് 140 കിലോഗ്രാം ഭാരവുമുള്ള കിം 2021-ൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി വലിയ അളവിൽ ഭാരം കുറച്ചിരുന്നതായി ചില നിരീക്ഷകർ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ചിത്രങ്ങളിൽ കിമ്മിന്റെ ശരീരഭാരം ഇരട്ടിച്ചതായി കാണാമെന്നാണ് ദക്ഷിണ കൊറിയയുടെ പ്രധാന ചാര ഏജൻസിയായ നാഷണൽ ഇൻ്റലിജൻസ് സർവീസ് പറയുന്നത്. കിമ്മിന് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഇവർ പറയുന്നു.
ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. കിമ്മിന്റെ കൃത്യമായ ആരോഗ്യ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിടാറില്ല. ഉത്തരകൊറിയയിലെ സംഭവവികാസങ്ങൾ ഇതിനുമുൻപും ദക്ഷിണകൊറിയയുടെ ചാരസംഘടന വഴിയാണ് പുറത്ത് വന്നിട്ടുള്ളത്.