വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വയനാട്ടിലെ സ്ഥിതിഗതികൾ നീരിക്ഷിച്ചുവരികയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കൺട്രോൾ റൂമുകളും 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ട്. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ കേന്ദ്രം സംസ്ഥാനത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിആർഎഫിന്റെ രണ്ടു ടീമുകൾ, ഇന്ത്യൻ ആർമിയുടെ രണ്ട് സംഘങ്ങൾ, എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ എന്നിവ തിരച്ചിലിനും, രക്ഷാപ്രവർത്തനത്തിനുമായി നിലവിൽ ദുരന്തമുഖത്തുണ്ട്. എൻഡിആർഎഫിന്റെ മൂന്ന് അധിക ടീമുകൾ ഡോഗ്‌സ്‌ക്വാഡുമായി രക്ഷാപ്രവർത്തനത്തിനാവശ്യമുള്ള ഉപകരണങ്ങളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബെയ്‌ലി പാലം സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യമുളള മദ്രാസ് റെജിമെന്റിലെ സൈനികർ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ രണ്ട് സംഘങ്ങൾ അവശ്യ വസ്തുകളുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്.
110 അടിയുളള ബെയ്‌ലി പാലം വരെ നിർമിക്കാൻ ആവശ്യമായ സാധനങ്ങളുമായാണ് ഡൽഹിയിൽ നിന്നുള്ള സംഘമെത്തുന്നത്. സ്‌നിഫർ ഡോഗുകളും ഇവർക്കൊപ്പം കോഴിക്കോട് എത്തിയിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ടീം ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്നുള്ള രണ്ട് സംഘങ്ങളും ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബെയ്‌ലി പാലം നിർമ്മിക്കുന്നതിനായുള്ള സാങ്കേതിക സഹായം നൽകുന്നതിനുമായി നാവികസേനയുടെ കപ്പലും അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.















