വയനാട്: ഉരുൾപൊട്ടലുണ്ടായ മേഖലയിൽ നിന്നും രക്ഷിച്ചവരെ പ്രവേശിപ്പിച്ച വയനാട്ടിലെ ആശുപത്രികളിലെല്ലാം രാത്രിയിൽ നിറഞ്ഞത് സങ്കടക്കാഴ്ചകൾ. പരിക്കേറ്റവരുടെ പേരുകളിൽ ബന്ധുക്കളുണ്ടോയെന്ന് തിരയുന്നവരെയും മണിക്കൂറുകളോളം ഫോൺ വിളിച്ച് കിട്ടാത്തതിനാൽ ഉറ്റവരെ തിരഞ്ഞെത്തിയ ബന്ധുക്കളെയും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ആശുപത്രികൾ.
132 പേർ നിലവിൽ വിംസ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ഒരാളെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇതുവരെ 125 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 62 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. നിലവിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ഗുരുതരമായ പരിക്കേറ്റവർക്ക് ചികിത്സയ്‌ക്കുളള സൗകര്യമൊരുക്കുന്നതിനായി നിസ്സാര പരിക്കേറ്റവരെ താലൂക്ക് ആശുപത്രികളിലേക്കും മറ്റ് ക്യാമ്പുകളിലേക്കും മാറ്റാനുളള നീക്കവും തുടങ്ങിയിട്ടുണ്ട്. കൂടുതൽ വെന്റിലേറ്റർ സൗകര്യം ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൂടുതൽ ഫ്രീസറുകളും ആംബുലൻസ് സൗകര്യങ്ങളും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
മേപ്പാടി ആശുപത്രിയിലും മൃതദേഹങ്ങൾ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നുണ്ട്. ആകെ 75 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. ഇതിൽ 36 പുരുഷന്മാരും 39 സ്ത്രീകളുമുണ്ട്. തിരിച്ചറിഞ്ഞ 62 പേരുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി വിട്ടുനൽകുന്നുണ്ട്. പലരുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതമാണ്. നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ 46 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ ആശുപത്രികൾക്ക് മുന്നിൽ ഉറ്റവർക്കായി കാത്തുനിൽക്കുന്നുണ്ട്.