വയനാട്: മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കും. ദുരന്തത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്. 186 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മരണപ്പെട്ട 64 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം മൃതദേഹങ്ങൾ വിട്ടുനിൽകാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.
211-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. വൻ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്താണ് താൽക്കാലിക പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 300-ഓളം പേരാണ് വിവിധ ഇടങ്ങളിലായി അഭയം പ്രാപിച്ചിരുന്നത്. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ചിരുന്നു. ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെ മുതൽ വയനാട് മഴയ്‌ക്ക് നേരിയ ശമനമുണ്ട്. എന്നാൽ, ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ പാഡികൾ പലതും ഒഴുകിപ്പോയ അവസ്ഥയാണ്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായോ എന്ന കാര്യത്തിലും വ്യക്തതയില്ല.
എൻ.ഡി.ആർ.എഫിന്റെ 61 പേരടങ്ങിയ നാല് ടീം, അഗ്‌നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങൾ, പൊലീസിന്റെ 350 അംഗ ടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങി വിവിധ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.