തായ് പേയ്: ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓൺ ചൈന (ഐപിഎസി) (Inter-Parliamentary Alliance on China (IPAC) conference ) സമ്മേളനം ചൊവ്വാഴ്ച തായ്‌വാനിൽ ആരംഭിച്ചു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കർശനമായ നിലപാടിനായി വാദിക്കുന്ന അന്താരാഷ്‌ട്ര ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിരുദ്ധ സഖ്യത്തിന്റെ വാർഷിക സമ്മേളനം ബെയ്ജിംഗിൽ നിന്നുള്ള തുടർച്ചയായ സമ്മർദ്ദത്തെ അതിജീവിച്ചാണ് നടക്കുന്നത്.
ഇതും വായിക്കുക
തായ്‌വാനിലേക്കു ഇന്നേവരെ എത്തിച്ചേർന്ന വിദേശ നിയമനിർമ്മാതാക്കളുടെ “ഏറ്റവും വലിയ” പ്രതിനിധി സംഘം എന്ന് ഈ സമ്മേളനത്തെ വിശേഷിപ്പിച്ച തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ ഡെലിഗേറ്റുകളെ സ്വാഗതം ചെയ്തു. സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ വേണ്ടി നിയമനിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാൻ ചൈന ശ്രമിച്ചുവെങ്കിലും, ഉണ്ടായ മെച്ചപ്പെട്ട പങ്കാളിത്തം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
നയതന്ത്ര, സൈനിക, സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ബെയ്‌ജിംഗിന്റെ ദീർഘകാല തന്ത്രത്തെ തുറന്നു കാട്ടിയ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓൺ ചൈന കോൺഫറൻസിൽ ജനാധിപത്യ ശക്തികൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

തായ്‌പേയിൽ നടക്കുന്ന സമ്മേളനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് നയതന്ത്രജ്ഞരിൽ നിന്ന് കുറഞ്ഞത് ആറ് രാജ്യങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങൾക്ക് കടുത്ത സമ്മർദ്ദം ഉണ്ടായതായി അവർ തന്നെ സമ്മതിച്ചിട്ടുണ്ട് . ബൊളീവിയ, കൊളംബിയ, സ്ലൊവാക്യ, നോർത്ത് മാസിഡോണിയ, ബോസ്‌നിയ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്ക് അവരുടെ യാത്രാ പദ്ധതികളുടെ തീയതികളിൽ ചൈനീസ് അധികൃതരിൽ നിന്ന് നിരവധി അടിയന്തര മീറ്റിംഗ് അഭ്യർത്ഥനകൾ ലഭിച്ചു.
ചൈനയുടെ ഇത്തരത്തിലുളള ശ്രമങ്ങൾക്കിടയിലും, തായ്‌പേയിലെ വിദേശ നിയമനിർമ്മാതാക്കളുടെ ശക്തമായ സാന്നിധ്യം തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ബെയ്‌ജിംഗിന്റെ ശ്രമങ്ങൾക്കെതിരായി അന്താരാഷ്‌ട്ര തലത്തിലുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.
മെയ് മാസത്തിൽ ലായ് ചിംഗ്-ടെ അധികാരമേറ്റതു മുതൽ, ബെയ്ജിംഗ് തായ്‌വാനിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. “സ്വേച്ഛാധിപത്യ വിപുലീകരണത്തിന്റെ ഭീഷണി” നേരിടാൻ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തായ്‌വാന്റെ പ്രതിബദ്ധത അദ്ദേഹം സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ അടിവരയിട്ടു.















