ചെന്നൈ: നിരവധി പേരുടെ ജീവൻ അപഹരിച്ച വയനാട് ചൂരൽ മല ഉരുൾ പൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത് വാദം കേൾക്കാൻ തീരുമാനിച്ചു.
ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും റോഡുകൾ, കെട്ടിടങ്ങൾ, നിലവിലുള്ള ക്വാറികൾ തുടങ്ങിയ ട്രിഗർ പോയിൻ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കേരള സ്റ്റാൻഡിംഗ് കൗൺസലിനോട് നിർദേശിച്ചു
കൃത്യമായ അപകടസാധ്യതാ വിലയിരുത്തൽ നടത്താതെ മലയോര മേഖലയിൽ അനിയന്ത്രിതമായതും അശാസ്ത്രീയവുമായ നിർമാണങ്ങൾ അനുവദിച്ച തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഈ മനുഷ്യനിർമിത ദുരന്തം ഒരു മുന്നറിയിപ്പായിരിയ്‌ക്കണമെന്നു എൻ ജി ടി പറയുന്നു.
2011ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (ഡബ്ല്യുജിഇഇപി) റിപ്പോർട്ടിൽ വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളെ പരിസ്ഥിതിലോല മേഖല (ESZ)-1ൽ ഉൾപ്പെടുത്തിയിരുന്നു, അതായത് ഭൂവിനിയോഗത്തിൽ, വനത്തിൽ നിന്ന് വനേതര ഉപയോഗങ്ങളിലേക്കോ കാർഷിക ഭൂമി കാർഷികേതര ഉപയോഗങ്ങളിലേക്കോ മാറ്റൽ അനുവദനീയമല്ല.
തമിഴ്‌നാട്ടിൽ കൊടൈക്കനാൽ, ഊട്ടി, ഗൂഡല്ലൂർ, കോത്തഗിരി, അംബാസമുദ്രം, പൊള്ളാച്ചി തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ESZ-1ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് നടപ്പാക്കിയില്ല.
പനമരം, മാനന്തവാടി, ബസവലി എന്നീ മൂന്ന് നദികൾ ചേരുന്ന തോടുകളിൽ 70 ശതമാനവും കൈയേറിയതായി 2017-ൽ സോയിൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സ്പോട്ട് സർവേ നടത്തിയിരുന്നു.
ഭൂരിഭാഗം കേസുകളിലും നിർത്താതെ പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിനുള്ള ഒരു കാരണമെന്നു കണ്ടെത്തിയെങ്കിലും , മലഞ്ചെരുവുകളിലെ അശാസ്ത്രീയമായ നിർമ്മാണമാണ് പലയിടത്തും സംഭവത്തിന് പ്രധാന കാരണമെന്ന് ജിഎസ്ഐ ചൂണ്ടിക്കാട്ടി.















