മുണ്ടക്കൈ: ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്കായി സൈന്യം ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവുമെത്തിച്ചു. മണ്ണിലമർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. പ്രദേശത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. മുണ്ടക്കൈ അങ്ങാടിയിലാണ് ദൗത്യസംഘം തിരച്ചിൽ നടത്തുന്നത്.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും ചതുപ്പിൽ നിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിൽ 500-ലേറെ വീടുകൾ ഉണ്ടായിരുന്നുവെന്ന് മുണ്ടക്കൈ പഞ്ചായത്തിലെ 11-ാം വാർഡ് മെമ്പർ കെ. ബാബു പറഞ്ഞു. എന്നാൽ ഇന്ന് 30-ഓളം വീടുകൾ മാത്രമാണ് ബാക്കിയുള്ളത്. ദുരന്തത്തിന്റെ വ്യാപ്തി അത്രമാത്രമാണ്.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിർമാണം പൂർത്തിയായതോടെയാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനായത്. അതിരാവിലെ രക്ഷാപ്രവർത്തകരെത്തിയപ്പോൾ പ്രിയപ്പെട്ടവരെ തിരക്കി അലഞ്ഞുനടക്കുന്ന നായകളുടെ നെഞ്ചുലയ്‌ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.















