ആയുഷ്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഒഴുകിയെത്തിയ മലവെള്ളം കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് വയനാട്ടിലെ ജനങ്ങൾ. നിറയെ സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്നവരെ ഉരുളെടുത്തു. അതിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്.
ഉഗ്രശബ്ദം കേട്ടാണ് പലരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. എന്താണ് സംഭവിക്കുന്നതെന്നറിയാനായി വാതിൽ തുറന്നതും മകനെ മലവെള്ളം കവരുന്ന കാഴ്ചയാണ് അമ്മ കാണുന്നത്. കല്ലുകളുടെയും മണ്ണിന്റെയും ഉള്ളിൽ നിന്ന് ഏറെ പാടുപെട്ട് മകനെ രക്ഷപ്പെടുത്തിയ ആശ്വസത്തിലാണ് ആ അമ്മ. ദുരന്തം മുന്നിൽ കണ്ട് മുകളിലത്തെ നിലയിൽ കയറിത് കൊണ്ട് മാത്രമാണ് അഞ്ച് പേർ രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു.
ആദ്യത്തെ ഉരുൾ പൊട്ടിയതോടെ അഞ്ചംഗ കുടുംബം വീട് വിട്ടിറങ്ങിയത് കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. രണ്ടാമത്തെ ഉരുൾ പൊട്ടിയതോടെ കല്ലും മണ്ണും കുത്തിയൊലിച്ചെത്തി വീട് ഉൾപ്പടെ പോയി. ആദ്യം വീടിന്റെ മുൻവശം മാത്രമാണ് പോയതെങ്കിൽ രണ്ടാമത്തെ വട്ടം വീടിനെ നിഷ്പ്രഭമാക്കിയാണ് വെള്ളം ഇരച്ചെത്തിയത്. എല്ലാം പോയി ഇനി ജീവൻ മാത്രമേ ബാക്കിയുള്ളൂവെന്നും നിറകണ്ണുകളോടെ ആ അമ്മ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ നിസഹായാരായി നിൽക്കുകയാണ് മുണ്ടക്കൈ, ചൂരൽമല നിവാസികൾ.