ഉരുൾപൊട്ടലുകളുടെ നാടായി മാറുകയാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കണമെന്ന് വിദഗ്ധർ പറയുമ്പോഴും ഭരണകൂടത്തിന് അത് വെറും തമാശയാണ്. വർഷങ്ങൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പിലും വിവിദ പഠന റിപ്പോർട്ടുകളിലും കഴമ്പുണ്ടെന്നാണ് ഓരോ ദുരന്തവും നമ്മെ ഓർമിപ്പിക്കുന്നത്.
പശ്ചിമഘട്ട മേഖലയിൽ എവിടെയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാമെന്ന് പഠനറിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്. തീരദേശ ജില്ലയായ ആലപ്പുഴ ഒഴികെ കേരളത്തിലെ 13 ജില്ലകളിലും ഏത് സമയത്തും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പശ്ചിമഘട്ടത്തിലെ 1,400 ചതുരശ്ര കിലോമീറ്റർ പ്രദേശം അതിശക്തമായ ഉരുൾപൊട്ടലിന് സാധ്യതയുള്ളതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, പാലക്കാട് ജില്ലകളും ഇതിൽ ഉൾപ്പെടുന്നു.
2018-ൽ ഐഎസ്ആർഒയുമായി സഹകരിച്ച് കുഫോസ് നടത്തിയ പഠനത്തിൽ വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇവിടെ 2018 മുതൽ കല്ലുകൾ പൊട്ടിത്തുടങ്ങിയിരുന്നു. പ്രളയകാലത്തെ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചു. 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു.
10 മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്ന് കുസാറ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കഫോസ്), നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 1961 മുതൽ 2016 വരെ കേരളത്തിൽ 295 ഉരുൾപൊട്ടലുകള് നടന്നതായാണ് കണക്ക്. 2018-ന് ശേഷം ഉരുൾപൊട്ടലുകളുടെ തീവ്രത കൂടാനും മരണനിരക്ക് ഉയരാനും കാരണമായി. 2018-ലെ വർഷകാലത്ത് കേരളത്തിലാകെ ചെറുതും വലുതുമായി 341 ഉരുൾപൊട്ടലുകൾ ഉണ്ടായതായാണ് കണക്ക്.
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013-ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത്. ഭൂവിനോയഗത്തിന്റെ കാര്യത്തിൽ കൃത്യമായ ജാഗ്രത വേണമെന്ന് അന്ന് അദ്ദേഹം നിർദേശിച്ചെങ്കിലും മലയാളി അത് ചെവി കൊടുക്കില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ സാക്ഷര കേരളവും ഭരണകൂടവും അവഗണിച്ചു.
പിന്നീട് വന്ന കസ്തൂരിരംഗൻ റിപ്പോർട്ടുൾപ്പടെ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് മറച്ചുവച്ചു. നിർദേശങ്ങൾ പാലിക്കപ്പെടനാണ് കമ്മീഷനെ വയ്‌ക്കുന്നത്. അത് കർശനമായി നടപ്പാക്കേണ്ടത് ഭരണകൂടങ്ങളാണ്. ഇനിയെങ്കിലും ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം.