ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ മരണം 45 ആയതായി ഔദ്യോഗിക സ്ഥിരീകരണം. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഗോത്രവർഗങ്ങളിൽ ചിലർ അയൽരാജ്യമായ അഫ്ഗാനിസ്താനിൽ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ബൊഷെഹ്‌റ ഗ്രാമത്തിലെ മദകി കാലിയിലെ ഷിയ മാലിഖേൽ, സുന്നി മംഗൽ എന്നീ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കം അക്രമമായി മാറിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇത് കുറം ജില്ല മുഴുവൻ വ്യാപിച്ചു. കൃഷിഭൂമിയെച്ചൊല്ലി ദശാബ്ദങ്ങളായി തുടരുന്ന തർക്കം ചർച്ച ചെയ്യുന്ന കൗൺസിലിനുനേരെ ഒരു തോക്കുധാരി വെടിയുതിർത്തതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചത്.
ബോഷെഹ്‌റ, മാലിഖേൽ, ദന്ദർ, പെവാർ, താരി മംഗൾ, മുഖ്ബൽ, കുഞ്ച് അലിസായി, നാസ്തികോട്ട്, പര ചംകാനി, കർമാൻ, ഖർ കലൈ, സംഗിന, ബാലിഷ്ഖേൽ തുടങ്ങിയ ഗ്രാമങ്ങളിലെ പരസ്പരം ശത്രുക്കളായ ഗോത്രങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടറുകൾ, ചെറിയ റേഞ്ച് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അവർ പരസ്പരം ഗ്രാമങ്ങളെ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങി.
ഞായറാഴ്ച വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയിൽ 31 മൃതദേഹങ്ങൾ ലഭിച്ചതായും 150 ഓളം പേർക്ക് പരിക്കേറ്റതായും കുറം ഏജൻസി ആസ്ഥാനമായ പറച്ചിനാറിലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മൊത്തത്തിലുള്ള മരണസംഖ്യ സ്ഥിരീകരിക്കാൻ ഇപ്പോൾ സാധിക്കുകയില്ല. സദ്ദയിലെ ആശുപത്രികളിൽ മരിച്ചവരെയും പരിക്കേറ്റവരെയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന.
സംഘർഷത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഷിയ ഗോത്രക്കാർക്കാണെന്നും ഗോത്രത്തിൽ നിന്നുള്ള 30 പേർ കൊല്ലപ്പെട്ടതായും റിപോർട്ടുണ്ട്. ഒരു കുട്ടിയുൾപ്പെടെ നിരവധി ഷിയാ വംശജരെ സുന്നി തീവ്രവാദ ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്തതിന് ശേഷമാണ് സ്ഥിതിഗതികൾ ഇത്രയും വഷളായത്.
പറച്ചിനാറിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് അടച്ചിട്ട് ഒരാഴ്ചയോളമായതിനാൽ അവശ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയ്‌ക്ക് ഗുരുതരമായ ക്ഷാമമാണ്. പറച്ചിനാറിലെ ജില്ലാ ആശുപത്രിയിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലും സിറിയയിലും സന്നദ്ധസേവകരായി സേവനമനുഷ്ഠിച്ച ശേഷം മടങ്ങിയെത്തിയ നിരവധി പേരുടെ ജന്മസ്ഥലമായ പറച്ചിനാർ പ്രശ്‌നബാധിത പ്രദേശമാണ്.















