വയനാട്: കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിലുണ്ടായതെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള. സർവ്വതും നഷ്ടപ്പെട്ട ഒരു ദുരന്തം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യയിൽ തന്നെ അടുത്തിടെ സംഭവിച്ചതിൽ ഏറ്റവും വലിയ ദുരന്തമാണിതെന്നും ഗവർണർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. സേനാംഗങ്ങളും വിവിധ സന്നദ്ധ സംഘടനകളിലെ ആൾക്കാരും സജീവമായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ആവശ്യമെങ്കിൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിച്ച് തരുമെന്ന് ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു. സാമ്പത്തികമായ എല്ലാ സഹായങ്ങളും ചെയ്യും”.
“ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതുപോലെയൊരു അപകട സ്ഥിതി എന്ന് കണക്കാക്കി തന്നെ വേണ്ടതെല്ലാം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചിരുന്നു. നേതക്കാളെല്ലാം ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്”.
എല്ലാ പരിഗണനയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. സാധ്യമായ എല്ലാ സഹായങ്ങളും ഇന്നലെ തന്നെ വയനാട്ടിൽ എത്തിച്ചിരുന്നു. മനുഷ്യസഹജമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.