വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സേവാഭാരതിയുടെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനത്തിൽ നിരവധി വോളന്റിയർമാരാണ് പങ്കാളികളാകുന്നത്. ഇന്നലെ വൈകുന്നേരം മുതലാണ് സംസ്കാരം ആരംഭിച്ചത്. 20-ലധികം മൃതശരീരങ്ങൾ സംസ്കരിച്ചുകഴിഞ്ഞുവെന്നും 300-ലധികം വോളന്റിയർമാർ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
വയനാട്ടിലും കേരളത്തിന്റെ വിവിധയിടങ്ങളിലുമുള്ള ആളുകൾ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കൃത്യമായ മാനേജ്മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും എല്ലാവരുടെയും സഹായത്തോടെയാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
ബന്ധുക്കൾ ആരുമില്ലാതെയാണ് ഓരോരുത്തരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കര, നാവിക, വ്യോമ സേനകൾ വന്നതിനാലാണ് രക്ഷാപ്രവർത്തനം വേഗത്തിലായതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനനുസരിച്ച് സംസ്കാര ചടങ്ങുകൾ നടക്കുകയാണെന്ന് സേവാഭാരതി അംഗം പ്രതികരിച്ചു. എത്ര മൃതദേഹങ്ങൾ വന്നാലും ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനനുസരിച്ച് ആവശ്യമായ സാമഗ്രികൾ ഗ്യാസ്, വിറക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 11 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ആവശ്യമനുസരിച്ച് കൂടുതൽ യൂണിറ്റുകൾ ഇവിടേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.