ഷിംല: ഹിമാചൽ പ്രദേശ് എംഎൽഎ ആർഎസ് ബാലിയുടെയും സ്വകാര്യ ആശുപത്രിയുടമകളുടെയും വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആയുഷ്മാൻ ഭാരത് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടക്കുന്നത്.
ഡൽഹി, ചണ്ഡീഗഢ് എന്നിവയ്‌ക്ക് പുറമെ സംസ്ഥാനത്തെ ഷിംല, കംഗ്ര, ഉന, മാണ്ഡി, കുളു എന്നിവിടങ്ങളിലെ 19 ഓളം സ്ഥലങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബാലിയുടെ കമ്പനിയായ ഹിമാചൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കാൻഗ്രയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ അടുത്ത അനുയായിയായ കംഗ്രയിലെ ശ്രീ ബാലാജി ഹോസ്പിറ്റലിലെ ഡോ. രാജേഷ് ശർമ്മയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗ്രോട്ടയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ ചെയർമാനുമാണ് ബാലി. ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് ബോർഡിന്റെ വൈസ് ചെയർമാനുമാണ്. വ്യാജ ആയുഷ്മാൻ ഭാരത് എബി-പിഎംജെഎഐ ഐഡി കാർഡുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജ കാർഡുകൾ ഉപയോഗിച്ച് പലതവണ മെഡിക്കൽ ബില്ലുകൾ ഉണ്ടാക്കി ഖജനാവിനും പൊതുജനങ്ങൾക്കും നഷ്ടമുണ്ടാക്കിയതായി ഇഡി ഉദ്യോഗസ്ഥർ ആരോപിച്ചു. ഏകദേശം 25 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
ഹിമാചൽ പ്രദേശ് സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സമർപ്പിച്ച എഫ്‌ഐആർ അടിസ്ഥാനമാക്കിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നിലവിലെ ഇഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുന്നത്.















