വയനാട്: ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് നിർദേശവുമായി വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ലക്കിടി മണിക്കുന്ന് മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം,പൊഴുതന, സുഗന്ധഗിരി, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കളക്ടർ നിർദേശിച്ചു. അധികമായുള്ള ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആവശ്യത്തിൽ കൂടുതലുള്ള ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നും കളക്ടർ അറിയിച്ചു.