വയനാട്: കൺമുന്നിൽ മനുഷ്യ ജീവനുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നടുക്കുന്ന ഓർമകളാണ് വയനാട്ടിലെ ദുരന്ത ഭൂമിയായ ചൂരമലയിലെയും മുണ്ടക്കൈയിലെയും രക്ഷാപ്രവർത്തകരായ പ്രദേശവാസികൾക്ക് പങ്കുവയ്‌ക്കാനുള്ളത്. പലരും തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ വീടുകൾക്ക് മുകളിൽ കയറി നിന്നുവെന്നും വിളിച്ചിട്ടും വരാൻ കൂട്ടാക്കാത്ത പലരെയും നിമിഷ നേരം കൊണ്ടാണ് ഉരുൾപൊട്ടലിൽ കാണാതായതെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
രണ്ടാമത്തെ ഉരുൾപൊട്ടലിനു മുൻപാണ് പ്രദേശത്തേക്ക് എത്തിയത്. പലരും വീടിന്റെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയായിരുന്നു. മാറി താമസിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ സുരക്ഷിതർ ആണെന്നായിരുന്നു മറുപടി. മുകളിലേക്കുള്ള വീടുകളിലേക്ക് പോകാൻ അവിടെ വീടിന് മുകളിൽ നിന്നവർ ടോർച്ച് തെളിച്ച് വെളിച്ചം കാട്ടി. അവരോട് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് രണ്ടമത്തെ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.
ദൂരെനിന്നും മലവെള്ളപ്പാച്ചിൽ അടുത്തേക്ക് വരുന്ന ശബ്ദം കേട്ടതോടെ അടുത്തുകണ്ട മലയിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾക്ക് വെളിച്ചം കാട്ടിത്തന്നവരുടെയും മറ്റുള്ളവരുടെയും വീടുകളുൾപ്പെടെ ഉരുളിൽ പോയി, ഞങ്ങളുടെ കൺമുന്നിലൂടെയാണ് അവർ പോയത്, രക്ഷാപ്രവർത്തകർ പറഞ്ഞു. ഏകദേശം 400 ഓളം വീടുകൾ ഇവിടെയുണ്ടായിരുന്നതായി അവർ പറയുന്നു. ഇതിൽ ചുരുക്കം ചിലത് മാത്രമാണ് അവശേഷിക്കുന്നത്.