മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്ന ചൂരൽമലയിൽ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ. പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നതായി വിലയിരുത്തിയാണ് നടപടി.
രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മേപ്പാടി ചൂരൽമലയിൽ നിന്നും പുഴ മുറിച്ചുകടന്ന് മുണ്ടക്കൈയ്യിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ആദ്യത്തെ ജെസിബി. വിവിധ സുരക്ഷാ ഫോഴ്‌സുകൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തില്ലായിരുന്നു ഇതുവരെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടന്നത്.
രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവർത്തനത്തിൽ 1592 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. ആദ്യ ഘട്ടത്തിൽ തന്നെ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.