മുംബൈ: ഒരു സെലിബ്രിറ്റിയുടെ സമ്മതമില്ലാതെ അവരുടെ ശബ്ദമോ ചിത്രമോ മറ്റ് ആട്രിബ്യൂട്ടുകളോ ഉപയോഗിച്ച് കൃത്രിമമായി ശബ്ദവും മറ്റും സൃഷ്ടിക്കുന്ന AI ഉപകരണങ്ങൾ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കോടതി. സെലിബ്രിറ്റികളാണ് കൂടുതലും എഐ ടൂളുകളുടെ ഇത്തരം ദുരുപയോഗത്തിന് ഇരയാക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ അർജിത്ത് സിംഗിന്റെ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
ഗായകൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ആർഐ ചഗ്ല ജൂലൈ 26 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ അർജിത്ത് സിംഗിന്റെ വ്യക്തിത്വ അവകാശങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ തടയുകയും അത്തരം ഉള്ളടക്കങ്ങളും ശബ്ദ പരിവർത്തന ഉപകരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഈ പ്ലാറ്റ്‌ഫോമുകൾ തന്റെ ശബ്‌ദം, പെരുമാറ്റരീതികൾ,എന്നിവ അനുകരിച്ചുകൊണ്ട് കൃത്രിമ ശബ്‌ദ റെക്കോർഡിംഗുകൾ നിർമ്മിക്കാൻ AI ഉപകരണങ്ങൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അർജിത്ത് കോടതിയെ സമീപിച്ചത്. അർജിത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി തന്റെ വ്യക്തിത്വ സവിശേഷതകൾ (ശബ്ദം) വാണിജ്യ വൽക്കരണത്തിനോ ഏതെങ്കിലും ബ്രാൻഡിന്റെ പ്രചാരണത്തിനോ വേണ്ടി ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി അർജിത്തിന് അനുകൂലമായി ഇടക്കാല ഉത്തരവിറക്കിയത്.