നിലമ്പൂർ: നിലമ്പൂരിൽ നിന്നുള്ള മൃതദേഹങ്ങൾ എത്തിച്ച മേപ്പാടി ഹൈസ്കൂളിന്റെ വരാന്തയിൽ ഉറ്റവരെ തിരിച്ചറിയാനാകാതെ നിസ്സഹായനായി നിൽക്കുന്ന പ്രവാസിയായ അഷ്‌റഫിന്റെ അവസ്ഥ ഉള്ളുലയ്‌ക്കുന്ന കാഴ്ചയാണ്. അഷ്‌റഫിന്റെ ബന്ധുക്കളായ പതിനൊന്ന് പേരാണ് ദുരന്തത്തിൽ പെട്ടത്. ഇതിൽ 9 പേരെ ഇതുവരെയും കണ്ടെത്താനുമായിട്ടില്ല.
ഏറെ നേരമായി തുടങ്ങിയ അലച്ചിലാണ്. മനസ്സിൽ വിചാരിക്കുന്നതിനേക്കാൾ ഭയാനകമാണ് നേരിൽ കാണുന്ന കാഴ്ചകൾ. ഇപ്പോഴും ഉറ്റവരെയോ ഉടയവരെയോ കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനാവുന്നില്ല. അപൂർണമായ ശരീരഭാഗങ്ങളാണ്. ചിലതിന് തലയില്ല, മറ്റു ചിലവ കൈ കാലുകൾ മാത്രം . മൃതദേഹങ്ങളുടെ മുഖം പോലും തിരിച്ചറിയാനാവുന്നില്ല, അഷ്‌റഫിന്റെ വാക്കുകൾ ഇടറി.
“അച്ഛന്റെ സഹോദരനും ഭാര്യയും അവരുടെ മക്കളുമാണ് കാണാതായത്. മകളുടെ മൃതദേഹം ചാലിയാറിൽ നിന്നും മകന്റേത് ചൂരൽ മലയിൽ നിന്നുമാണ് കണ്ടെടുത്തത്. അച്ഛന്റെ സഹോദരനും ഭാര്യയും മകളുടെ വീട്ടിൽ വിരുന്നിന് പോയതാണ്. ഒപ്പം മൂന്നരവയസുകാരി കുഞ്ഞും ഉണ്ടായിരുന്നു. അന്ന് രാത്രിയാണ് ദുരന്തം,” ആ കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ട അഷ്‌റഫ് അവരുടെ വിയോഗ വാർത്ത ഉൾക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. അഷ്‌റഫിനെ പോലെ നൂറുകണക്കിനാളുകൾ സ്കൂൾ വരാന്തയിൽ നിൽക്കുന്നുണ്ട്. കൊണ്ടുവരുന്ന മൃതദേഹങ്ങളിൽ ഉറ്റവർക്കായുള്ള കാത്തിരിപ്പിലാണ് പലരും.















