ദുബായ്; വയനാട് ദുരന്തത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും രാഷ്‌ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സന്ദേശം അയച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു. കേരളത്തിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേരുന്നെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ബഹ്‌റൈനും ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫുജൈറ കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയം ഇൻസ്റ്റഗ്രാം വഴി മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റ് ഇങ്ങനെ
‘കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു. ഉറ്റവർ നഷ്ടമായ ബന്ധുക്കളുടെ സമാധാനത്തിനായും ഗുരുതമായി പരുക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർഥിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുകയും അവരുടെ സുരക്ഷയ്‌ക്കായും അതിജീവനത്തിനായും ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു’