വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
കേരളത്തിൽ അടിക്കടി പ്രകൃതി ദുരന്തങ്ങൾ ജീവനെടുക്കുകയും നാശം വിതയ്‌ക്കുകയും ചെയ്യുന്നതിന് പിന്നാലെ 13 വർഷങ്ങൾക്ക് മുൻപ് മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. അന്ന് ഗാഡ്ഗിലിനെ തള്ളിപ്പറഞ്ഞവർ ഇന്ന് തിരിച്ചറിയുകയാണ് ഗാഡ്ഗിലായിരുന്നു ശരിയെന്ന്.
2011-ലാണ് പശ്ചിമഘട്ടത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ ഗാഡ്ഗിൽ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയത്. അന്നത്തെ ആ റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം വിതച്ച മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ടായിരുന്നു. റിപ്പോർട്ട് പ്രകാരം മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് തള്ളി. തുടർന്ന് കസ്തൂരിരംഗൻ്റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ നിയോഗിക്കുകയായിരുന്നു. അനിയന്ത്രിതമായ ഭൂമി കയ്യേറ്റം, വനനശീകരണം, അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കേരളത്തെ പ്രളയം വിഴുങ്ങിയതിന് പിന്നിലെന്ന് ഗാഡ്ഗിൽ 2018-ൽ പറഞ്ഞിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയം മാത്രമാണെന്നായിരുന്നു പിണറായി വിജയന്റെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്നും ശരിയല്ലാത്ത പ്രചരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.