ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും കുഞ്ഞും മരിച്ചിരുന്നു. ഗുരുഗ്രാമിൽ വൈദ്യൂതാഘാതമേറ്റ് മൂന്ന് യുവാക്കളാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലക്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ എക്‌സിലൂടെ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഡൽഹിയിൽ വരുന്ന അഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ നഗരത്തിലെ നിരവധി വീടുകൾ തകർന്നു. അപകട സാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.