തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹൈസ്കൂളിനെ ജില്ലയിലെ മാതൃകാ സ്കൂളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഏറ്റവും ഗൗരവകരമായ വിഷയമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശങ്ങളനുസരിച്ച് ഏറ്റവും അത്യാധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ കെട്ടിടം നിർമിക്കും. ജില്ലയിൽ ഒരു മാതൃകാ സ്കൂൾ നിർമിക്കുന്നതിന് വേണ്ടി ബജറ്റിൽ ബിൽ പാസാക്കിയിട്ടുണ്ട്. ആ സ്കൂൾ വെള്ളാർമല സ്കൂളായിരിക്കും. മുഖ്യമന്ത്രിയുമായി നടക്കുന്ന യോഗത്തിന് ശേഷം കൃത്യമായ നടപടികൾ സ്വീകരിക്കും’.
ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുന്നതായിരിക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സ്കൂളിന് ചുറ്റുമതിലും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.