കൊൽക്കത്ത: പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയന്റെ രംഗഘട്ട് അതിർത്തി ഔട്ട്‌പോസ്റ്റിലാണ് സംഭവം. കൺട്രോൾ റൂം ഡ്യൂട്ടിയ്‌ക്കിടെയാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വനിതാ ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടത്.
നുഴഞ്ഞുകയറ്റക്കാരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥ പറഞ്ഞു. നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൺസ്റ്റബിൾ ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും അതിർത്തി ലക്ഷ്യം വച്ച് വെടിയുതിർക്കുകയും ചെയ്തു. എന്നാൽ സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പിന്നോട്ടില്ലാതെ കോൺസ്റ്റബിൾ സംഘത്തെ നേരിടുകയായിരുന്നു. പിന്നീട് മറ്റ് സൈനികർ എത്തി സ്റ്റൺ ഗ്രനേഡ് എറിഞ്ഞതോടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് സംഘം ബംഗ്ലാദേശിലേക്ക് മടങ്ങിയത്.
സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.