ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് രുദ്രപ്രയാഗിലെ റോഡുകൾ തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സജ്ജമായിരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശിച്ചു. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതോടെ നദികൾ കരകവിഞ്ഞ് ഒഴുകി. കുന്നുകൾ ഇടിഞ്ഞുവീണതോടെയാണ് റോഡുകൾ തകർന്നത്.
രുദ്രപ്രയാഗിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ മാറി താമസിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. നദിയുടെ മണ്ണൊലിപ്പ് കാരണം റോഡിന്റെ വലിയൊരു ഭാഗമാണ് ഒലിച്ചുപോയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥാടനം നിർത്തിവക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ രുദ്രപ്രയാഗിലെ വിവിധയിടങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. റംബാഡ, ഭീംബാലി, ജഖാനിയാലി തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്ത നിവരാണ സേനയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചോദിച്ചറിയുകയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.















