വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഇന്നും സേവഭാരതി സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഇതുവരെ 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കർമങ്ങളെല്ലാം ചെയ്ത ശേഷമാണ് അടക്കം ചെയ്യുന്നത്.
500-ലേറെ സ്വയം സേവകരാണ് ദുരന്തഭൂമിയിലുള്ളത്. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുന്നത്. 11 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ചിതാഗ്നി സംവിധാനമാണ് സംസ്കാരത്തിനായി എത്തിച്ചിട്ടുളളത്. മരണ സംഖ്യ ഉയർന്നതോടെ മലപ്പുറം ഉൾപ്പെടെ സമീപ ജില്ലകളിൽ നിന്നും ചിതാഗ്നി യൂണിറ്റുകൾ എത്തിച്ചിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും മൃതദേഹം ഏറ്റുവാങ്ങുന്നയിടത്തും സംസ്കരിക്കുന്നയിടത്തുമായി നിരവധി പ്രവർത്തകരാണുള്ളത്. ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മരണമടഞ്ഞ ഉറ്റവരെ മറവ് ചെയ്യാൻ പോലും സൗകര്യമില്ലാതെ മലവെളളപ്പാച്ചിലിൽ സർവ്വതും നഷ്ടപ്പെട്ട നിരവധി ആളുകൾക്കാണ് സേവാഭാരതി തുണയായത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന കാര്യകർത്താക്കൾ ഉൾപ്പെടെ രംഗത്തുണ്ട്. മുണ്ടക്കെെയിലും ചൂരൽമലയിലും ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരിലും സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകരുണ്ടായിരുന്നു.















