വരാനിരിക്കുന്ന തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിക്കായി 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് സ്‌കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചോടെയാണ് വാഹനം പുറത്തിറങ്ങുക. അന്തിമ പേര് 2024 ഓഗസ്റ്റ് 21 ന് പ്രഖ്യാപിക്കും. ബ്രാൻഡിന്റെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും മോഡൽ. നാലു മീറ്ററിലധികം നീളമുണ്ട് വാഹനത്തിന്.
സബ്‌കോംപാക്‌ട് എസ്‌യുവിയുടെ പേര് ‘K’യിൽ ആരംഭിച്ച് ‘Q’ എന്നതിൽ അവസാനിക്കണം. അത് ഒന്നോ രണ്ടോ അക്ഷരങ്ങളുള്ള വാക്ക് മാത്രമായിരിക്കണം. ഇതാണ് കമ്പനിയുടെ മറ്റ് എസ്‌യുവികളുടെ പേരിടൽ സ്കീമുമായി പൊരുത്തപ്പെടുന്നതിനുള്ള മാനദണ്ഡം. കൊഡിയാക്ക്, കുഷാക്ക്, കരോക്ക്, കാമിക് തുടങ്ങിയ മോഡലുകളുടെ പോലെ.
Kwiq, Kymaq, Kylaq, Kariq, Kyroq, Kosmiq, Kayaq, Kaiq, Kliq, Karmiq എന്നിവയാണ് പുതിയ എസ്‌യുവിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 10 പേരുകൾ. ഷോർട്ട്‌ലിസ്റ്റ് ചെയ്ത 10 പേരുകൾ നൽകിയവർക്ക് ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലെസ്ലാവിലുള്ള സ്കോഡയുടെ ആസ്ഥാനവും മ്യൂസിയവും സന്ദർശിക്കാനും പ്രാഗ് ടൂർ ആസ്വദിക്കാനും അവസരമുണ്ട്. ഒരു ഭാഗ്യശാലിയ്‌ക്ക് പുതിയ സ്കോഡ കോംപാക്റ്റ് എസ്‌യുവി ലഭിക്കും.















