മൂന്ന് ദിവസമായി കേരളത്തിന്റെ ഉള്ളുലയുകയാണ്. പ്രിയപ്പെട്ടവരെ തേടി അലയുന്നവർ നിരവധിയാണ്. മരിച്ച് കിടക്കുന്നവരെ കണ്ട് സ്തംഭിച്ച് നിൽക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്തവർ, ഉറ്റവരെ തേടി അലയുന്നവർ, അങ്ങനെ എങ്ങും ഭീതിയും ദുഃഖവും നിഴലിക്കുന്ന കാഴ്ചകളാണ്. ഒപ്പം ഉറങ്ങിയവരെ പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ നിസഹായരാണ് മിക്കവരും.
നാടിനെ തുടച്ചുനീക്കിയെന്ന വാർത്ത കേട്ട് പലരും പ്രിയപ്പെട്ടവരെ തേടി വിദേശത്ത് നിന്ന് വരെ വണ്ടി കയറി. അവസാനമായി ഒരു നോക്കുപോലും സാധിച്ചില്ല. പലരുടെയും ശരീരഭാഗങ്ങൾ മാത്രമാണ് പ്രിയപ്പെട്ടവർക്ക് ലഭിച്ചത്. ചേച്ചിയുടെ കഴുത്തും കാലും മാത്രമാണ് ലഭിച്ചതെന്ന് പുഞ്ചിരിമട്ടത്തെ രമേശ് പറയുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന രമേശ് ദുരന്തമറിഞ്ഞാണ് ഓടിയെത്തിയത്. അച്ഛൻ, അമ്മ, സഹോദരിമാർ, അനിയന്മാർ, അളിയൻ, അച്ഛന്റെ അമ്മയെയും ഇയാൾക്ക് നഷ്ടമായി. അച്ഛന്റെയും അമ്മയും മരവിച്ച ശരീരം കിട്ടിയെങ്കിലും സഹോദരിയുടെ ശരീരഭാഗങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് രമേശ് പറയുമ്പോൾ കണ്ഠമിടറുന്നുണ്ട്. തല കിട്ടിയില്ല. താലിച്ചരട് കണ്ടിട്ടാണ് എന്റെ പെങ്ങളാണെന്ന് തിരിച്ചറിയുന്നതെന്ന് രമേശ് പറയുന്നു.
രമേശ് എത്തും മുൻപ് തന്നെ മാതാപിതാക്കളെ സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടിട്ട് തലകറങ്ങുന്നുവെന്നും എല്ലാം നഷ്ടമായയതിന്റെ ഞെട്ടലിൽ രമേശ് പറഞ്ഞു. വീടിന് അടുത്തുള്ള റിസോർട്ടും വീടുകളുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് മൺകൂന മാത്രമാണ് ബാക്കിയെന്നും രമേശ് വേദനയോടെ പറയുന്നു. സഹോദരിയുടെ കുഞ്ഞിനെയും മാത്രമാണ് ദുരന്തഭൂമിയിൽ നിന്ന് തിരികെ ലഭിച്ചത്. അനിയന്മാരിലൊരാൾ വിദേശത്തായിരുന്നതിനാൽ ഇനി ഈ വലിയ കുടുംബത്തിൽ അവശേഷിക്കുന്നത് മൂന്ന് ജീവനുകൾ മാത്രമാണ്.















