തൃശൂർ: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം അനിശ്ചിതാവസ്ഥായിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജിംഗ് മെഷീൻ ഷിരൂരിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ഗംഗാവലി പുഴയിൽ അടിയൊഴുക്കും ആഴവും ഉള്ളതിനാൽ ഡ്രഡ്ജിംഗ് മെഷീൻ ഇറക്കാൻ കഴിയുന്നില്ലെന്ന് കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ അടങ്ങിയ സംഘം അറിയിച്ചു.
സംഘം അപകട സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് തൃശൂർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് സംഘം ഇക്കാര്യം അറിയിച്ചത്. തൃശൂരിലെ ഡ്രഡ്ജിംഗ് മെഷീൻ യന്ത്രം ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളിയാണ്. പുഴയിലെ ഒഴുക്ക് വർദ്ധിക്കുന്നതിനാൽ മെഷീൻ ഇറക്കാൻ പ്രയാസമാണെന്നും വിദഗ്ധ സംഘം അറിയിച്ചു.
ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്ന് രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഡ്രഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് പുഴയിലെ മണ്ണ് നീക്കി ലോറി പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദൗത്യ സംഘം.