ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ രക്ഷാദൗത്യത്തിനിടെ രാജ്യസഭയിൽ എ. എ റഹീം എംപിയുടെ രാഷ്‌ട്രീയക്കളി. കേന്ദ്രസർക്കാർ ശരിയായ മുന്നിയിപ്പ് നൽകില്ലെന്നും മുൻകുരുതൽ എടുത്തില്ലെന്നുമായിരുന്നു റഹീമിന്റെ ആരോപണം.
ഇതിന് പിന്നാലെ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടിയിലൂടെ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിലായി. രാഷ്‌ട്രീയം സംസാരിക്കേണ്ട സമയമല്ലിത് എന്ന മുഖവുരയോടെയായിരുന്നു അമിത്ഷാ കാര്യങ്ങൾ വിശദീകരിച്ചത്.
ദുരന്ത സാധ്യതാ മുന്നറിയിപ്പ് ഒരാഴ്ച മുൻപ് കേന്ദ്രം ആവർത്തിച്ച് നൽകിയിട്ടും സംസ്ഥാനം അത് പാലിക്കാത്തതാണ് വലിയ ആൾ നാശത്തിന് കാരണമെന്ന് അമിത്ഷാ പാർലമെൻ്റിൽ വ്യക്തമാക്കി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടും ആളുകളെ ഒഴിപ്പിക്കുന്നതിൽ കേരള സർക്കാർ വീഴ്ചവരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത്ഷായുടെ മറുപടി വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ പരസ്പരം പഴിചാരേണ്ട സമയല്ലെന്ന് പറഞ്ഞാണ് ഗുരുതരമായ വീഴ്ച മറയ്‌ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഇടത് എംപിമാർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ വിശദീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.















