വയനാട്: മുണ്ടക്കൈയിൽ ജീവനോടെ രക്ഷിക്കാൻ സാധിക്കുന്ന ആരും അവശേഷിക്കുന്നില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. . വയനാട്ടിൽ സർവകക്ഷി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിനകത്തേക്ക് ക്യാമറയുമായി മാദ്ധ്യമപ്രവർത്തകർ കടക്കരുത്. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാമ്പിന് പുറത്തുവച്ച് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാമ്പിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും അവിടെവെച്ച് സംസാരിച്ച് തിരിച്ച് പോകണം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കും. ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ഈ ദൗത്യത്തിന്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്ന ഇടങ്ങളിൽ ബന്ധുക്കൾ എത്തി അത്തരം പ്രവൃത്തികളിൽ ഏർപ്പെടണം. അനാവശ്യമായി ആളുകൾ തള്ളിക്കയറുന്ന രീതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വാർത്തസമ്മേളനത്തിന് ശേഷം ചുരൽമലയിൽ എത്തിയ മുഖ്യമന്ത്രിക്ക് ചെളിയും വഴുക്കലും കാരണം മുന്നോട്ട് നടക്കാൻ സാധിച്ചില്ല. തുടർന്ന് സൈനിക ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും സംസാരിച്ച ശേഷം മുഖ്യമന്ത്രി സ്ഥലത്ത് നിന്ന് തിരിച്ച് പോയി.