ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ എല്ലാവരും പറയും, ഒട്ടകപ്പക്ഷി. എന്നാൽ, പറക്കുന്ന ഇര പിടിയൻ പക്ഷികളിൽ ഏറ്റവും വലിയ പക്ഷി ഏതെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല. ആൻഡിയൻ കോണ്ടർ (വൾട്ടർ ഗ്രിഫസ്) എന്നാണ് ആ പക്ഷിയുടെ പേര്.
തെക്കേ അമേരിക്കൻ കാടുകളിൽ കാണുന്ന കഴുകനാണിത്. വുൾട്ടർ ജനുസ്സിലെ ഏക അംഗം. പടിഞ്ഞാറൻ തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതങ്ങളിലും തൊട്ടടുത്തുള്ള പസഫിക് തീരങ്ങളിലും ഇത് പൊതുവേ കാണപ്പെടുന്നു. 3.3 മീറ്റർ (10 അടി 10 ഇഞ്ച്) നീളമുള്ള ചിറകുകളും 15 കിലോഗ്രാം (33 പൗണ്ട്) ഭാരവുമുള്ള പക്ഷിയാണ് ആൻഡിയൻ കോണ്ടർ.
ശവം തിന്നുന്ന പക്ഷിയാണിത്. മാനുകളുടെയോ കന്നുകാലികളുടേതോ പോലുള്ള വലിയ ശവങ്ങളാണ് ഇവയ്‌ക്ക് ഏറെ ഇഷ്ടം. 16,000 അടി വരെ ഉയരത്തിൽ കൂടുണ്ടാക്കും ആൻഡിയൻ കോണ്ടർ. മറ്റൊന്നിനും എത്തിച്ചേരാനാകാത്ത പാറക്കെട്ടുകളിലാണ് ഇവയുടെ കൂടുകൾ. ഒന്നോ രണ്ടോ മുട്ടകളാണ് സാധാരണയായി ഇടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. ചിലതിന് 70 വർഷത്തിലധികം ആയുസ്സുണ്ട്.
ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നിവയുടെ ദേശീയ പ്രതീകമാണ് ആൻഡിയൻ കോണ്ടർ. ആൻഡിയൻ പ്രദേശങ്ങളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും ഇവ പണ്ടുമുതലേ അറിയപ്പെടുന്നു. മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇവയ്‌ക്ക് പറക്കാൻ കഴിയും. 1973-ൽ IUCN വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പക്ഷിയാണിത്.