രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കനത്ത മഴ. ഇതോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. മഴ തുടർന്നാൽ മണ്ണിടിയാനും ഉരുൾപൊട്ടാനുമുള്ള സാധ്യത പരിഗണിച്ചാണ് നടപടി.
അപകടമേഖലയിൽ നിന്ന് സുരക്ഷിത മേഖലയിലേക്ക് മാറാൻ രക്ഷാപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും നിർദേശം നൽകി. മഴ കുറയുന്ന പക്ഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കും. കനത്ത മഴയിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്തും സമീപത്തുമായി മരങ്ങൾ കടപുഴകി വീഴുന്നുണ്ട്. മണ്ണൊഴുകാനുള്ള സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
വരും മണിക്കൂറിൽ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വയനാട് ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.